തിരുവനന്തപുരത്തിന് ആ പേര് നല്‍കിയ പത്മനാഭന്റെ ക്ഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അതെ, കുറച്ച് നാളുകള്‍ക്ക് മുമ്പ് ലോകം കേരളത്തിലേക്ക് ഉറ്റുനോക്കിയ അതേ കാരണങ്ങള്‍ കൊണ്ടുതന്നെ. സ്വാതന്ത്ര്യം കിട്ടി എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും തുറക്കാനാവാത്ത നിലവറകളെക്കുറിച്ച് തന്നെയാണ് പറഞ്ഞുവരുന്നത്.
ലോകത്ത് തന്നെ സമാനമായ സ്ഥിതി മറ്റെവിടെയെങ്കിലുമുണ്ടോയെന്ന് അറിയില്ല. തിരുവിതാംകൂര്‍ ഒരു ഹിന്ദുരാജ്യമായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിനും പത്മനാഭനും തിരുവിതാംകൂറിനോടുളളത് കേവലം വിശ്വാസസംബന്ധമായ ബന്ധമല്ല. അതിലൊരുപാട് രാഷ്ട്രീയവുമുണ്ട്.
പ്രജകളെ അടക്കിഭരിക്കാനും, എതിര്‍പ്പുകളും ചെറുത്തു നില്‍പ്പുകളും ഒഴിവാക്കാനുമുളള ദീര്‍ഘവീക്ഷണത്തോടെയുളള രാഷ്ട്രീയനീക്കമായിരുന്നു തൃപ്പടിദാനമെന്ന് കരുതുന്നവരാണ് കൂടുതലും. പത്മനാഭന് രാജ്യം സമര്‍പ്പിച്ച് ദാസന്‍മാരായ രാജാക്കന്‍മാരെ ജനങ്ങള്‍ ഭക്തിയോടെ വിശ്വസിച്ചു, അനുസരിച്ചു.
തിരുവിതാംകൂറിന്റെ വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രബിന്ദുവായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാറി. ഒരു മാറ്റവുമില്ലാതെ അത് കാലങ്ങളോളം തുടര്‍ന്നു. ക്ഷേത്രത്തിലെ നിലവറകളില്‍ രാജ്യത്തിന്റെ സമ്പത്ത് സുരക്ഷിതമായി. എ, ബി, സി എന്നൊന്നുമായിരുന്നില്ല നിലവറകളുടെ പേര്. ക്ഷേത്രത്തിലെ ചടങ്ങുകളടെ ഭാഗമായി പതിവായി തുറക്കുന്ന നിലവറകളും തുറക്കാത്ത നിലവറകളുമുണ്ട്.
കോടതി നടപടികളുടെ ഭാഗമായി എ നിലവറ സമീപകാലത്ത് ആദ്യം തുറന്നത് സുപ്രീംകോടതി നിയോഗിച്ച സമിതിയാണ്. ആ സമിതിയില്‍ അംഗമായിരുന്ന ജസ്റ്റിസ് സി എസ് രാജന്‍. ലോകമറിഞ്ഞ അമൂല്യശേഖരം നേരിട്ട് കണ്ടിട്ടുണ്ട് ജസ്റ്റിസ് രാജന്‍.
ക്ഷേത്രനിലവറകളിലെ വസ്തുക്കളുടെ മൂല്യം കൂട്ടുന്നത് അതിന്റെ കാലപ്പഴക്കമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള ആഭരണങ്ങളും സമ്മാനങ്ങളുമൊക്കെ നിലവറകളിലെ ശേഖരത്തിലുണ്ട്. തിരുവിതാംകൂറിന്റെയും ഒരര്‍ഥത്തില്‍ കേരളത്തിന്റെയും ചരിത്രമാണ് നാണയങ്ങളും, ആഭരണങ്ങളും, സമ്മാനങ്ങളുമെല്ലാം എന്നതാണ് യാഥാര്‍ഥ്യം.
ഒരുപാടാളുകളുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണ് ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. പലകാലങ്ങളിലായി തിരുവിതാകൂറിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട ചെറുരാജ്യങ്ങളുടെ സ്വത്തും ശേഖരത്തിലുണ്ട്. പിന്നെ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച വിദേശികളും മറ്റും നല്‍കിയ സമ്മാനങ്ങളും. ഒരു ചെറിയ ഭാഗം പഴയ രാജകുടുംബാംഗങ്ങള്‍ നല്‍കിയ കാണിക്കയും.
ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ ചോര്‍ച്ച സംഭവിക്കുന്നുവെന്ന സംശയമാണ് നിയമനടപടികള്‍ക്ക് തുടക്കം കുറിച്ചത്. അത്തരം സംശയങ്ങള്‍ പിന്നീട് പരിശോധന നടത്തിയവരെല്ലാം പങ്കുവെച്ചിട്ടുണ്ട്.
കേസ് സുപ്രീംകോടതിയിലെത്തിയതിന് ശേഷമാണ് നിലവറകള്‍ പരിശോധിക്കാനും തിട്ടപ്പെടുത്താനുമുളള തീരുമാനത്തിലെത്തുന്നത്. അത്തരം ശ്രമങ്ങളെയെല്ലാം തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജകുടുംബത്തിലെ ഇപ്പോഴത്തെ പ്രതിനിധികള്‍ എതിര്‍ത്തുപോന്നു. എങ്കിലും നിലവറകള്‍ തുറന്ന് പരിശോധിക്കണമെന്ന് തന്നെയായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. ആ പരിശോധന നടക്കുകയും ചെയ്തു. കോടതി നടപടികളുടെ ഭാഗമായി ബി യെന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലവറയും പരിശോധിക്കുമായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് പരിശോധന നടക്കാതെ പോയത്. ഓടാമ്പലിലെ തുരുമ്പാണ് പരിശോധനക്ക് തടസമായത്.
സാങ്കേതിക കാരണത്താല്‍ ബി നിലവറയുടെ പരിശോധന തടസപ്പെട്ടിടത്തുനിന്നാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. പഴയ രാജാവിന്റെ കുടുംബാഗങ്ങള്‍ പരിശോധനയെ എതിര്‍ത്തു. ദേവപ്രശ്നം നടത്തി. അതിന് മുമ്പ് ബി നിലവറ പലതവണ തുറന്നിട്ടുളള കാര്യം വിസ്മരിച്ചു.
ബി നിലവറയും തുറക്കേണ്ടി വന്നേക്കാമെന്ന സുപ്രീം കോടതിയുടെ പരാമര്‍ശത്തെ പതിവ് പോലെ അവസാനത്തെ തിരുവിതാംകൂര്‍ രാജാവിന്റെ ഇപ്പോഴത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തു. ദേവപ്രശ്നം നടത്താതെ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. അവര്‍ക്ക് പിന്തുണയുമായി നവമാധ്യമങ്ങളില്‍ ഒരു സംഘം നിരന്നു. നവസ്വരപ്പൂട്ടാണെന്നും, കേരളം കടലെടുക്കുെമന്നും, ഭൂകമ്പമുണ്ടാകുമെന്നും പലരും ശാസ്ത്രം നിരത്തി.
നിലവറയുടെ പൂട്ട് നേരിട്ട് കണ്ടിട്ടുളള ജസ്റ്റിസ് രാജനും ശംഖുമുഖത്ത് നിന്ന് കടലിരച്ചുവരാനുളള സാധ്യതകളെ തളളിക്കളയുന്നു.
ബി നിലവറ ഒരിക്കലും തുറന്നിട്ടില്ലെന്നായിരുന്നു ആദ്യത്തെ വാദം. ഒരിക്കലല്ല, ഏഴോ ഒമ്പതോ തവണ നിലവറ തുറന്നിട്ടുണ്ടെന്ന് വന്നതോടെ നിലപാടുകള്‍ മാറിമറിഞ്ഞു.
പ്രശ്നം ബി നിലവറയുടെയോ, നിലവറക്കുളളിലെ സമ്പത്തിന്റെ വലിപ്പമോ, മൂല്യമോ അല്ല. ജനാധിപത്യത്തില്‍ ഇത്തരം വിശ്വാസങ്ങള്‍ക്കുളള പ്രസക്തി തന്നെയാണ്. 1948 ലുണ്ടാക്കിയ വ്യവസ്ഥകളുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചാണ്. മാറി, മാറി വന്ന സര്‍ക്കാരുകള്‍ പൊതുസ്വത്ത് സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതാണ്.
അവസാനത്തെ രാജാവ് ശ്രീ ചിത്തിരതിരുന്നാള്‍ 1991 ല്‍ മരിച്ചു. സ്വാഭാവികമായും പിന്നീട് റൂളര്‍ എന്നാല്‍ ഭരണകൂടമാണെന്നാണ് നിലവറകളെല്ലാം പരിശോധിക്കണമെന്നും ജനാധിപത്യരീതിയിലുളള ഭരണസമിതി രൂപീകരിക്കണമെന്നുമാണ് വലിയൊരു വിഭാഗം വാദിക്കുന്നത്. വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
ക്ഷേത്രപ്രവേശന വിളംബരമടക്കം നടത്തിയ രാജാവിന്റെ പിന്‍മുറക്കാര്‍ക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രത്തില്‍ അവകാശങ്ങളൊന്നുമില്ലാതാകുന്നത് എങ്ങനെയെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ക്ഷേത്രപ്രവേശനവിളംബരമടക്കമുളള തീരുമാനങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി വന്നതാണെന്ന ചരിത്രവായനയുമുണ്ട്. എങ്കിലും അതിന്റെ വലിപ്പം കുറച്ചുകാണാനാവില്ല.
ആചാരങ്ങള്‍ക്ക് മാറ്റം വരുത്തരുതെന്ന് നിലപാടെടുക്കുന്നവര്‍ ചരിത്രത്തെ നിരസിക്കുകയാണ്. ഒരുപാടാചാരങ്ങള്‍ മാറ്റിക്കുറിച്ചാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്നത്തെ സ്ഥിതിയിലെത്തിയത്. ആചാരങ്ങളെല്ലാം എല്ലാക്കാലത്തും അതേപടി നിലനില്‍ക്കേണ്ടതല്ലെന്ന് മനസിലാക്കാന്‍ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാല്‍ മതിയാകും.
രാജാധികാരം ജനായത്ത ഭരണത്തിന് വഴിമാറിയിട്ട് ഏഴ് ദശകം തികയുകയാണ്. എന്നിട്ടുമിപ്പോഴും രാജഭക്തി പല രൂപത്തില്‍ പുറത്തുവരാറുണ്ട്. പ്രത്യേകിച്ചും തിരുവനന്തപുരത്തും ചുറ്റുവട്ടത്തും.
കോടതിയില്‍ കേസ് നടക്കുന്ന സാഹചര്യത്തില്‍ ബി നിലവറ തുറക്കാന്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന രാജാവിന്റെ കുടുംബാംഗങ്ങളോട്, പണ്ട് രാജ്യം പത്മനാഭന് സമര്‍പ്പിച്ച് ദാസന്‍മാരായവരുടെ പിന്‍മുറക്കാരോട് അഭിപ്രായമാരായുന്നതില്‍ തെറ്റില്ല. അതിനപ്പുറം അത്തരം അഭിപ്രായങ്ങള്‍ക്ക് ജനാധിപത്യത്തില്‍ എന്ത് പ്രസക്തിയെന്ന ചോദ്യമാണുയരുന്നത്.