വിനായകനെ കുറിച്ച് മറക്കാനാകാത്തതുകൊണ്ടാണ് ഈ ആഴ്ച ഈ വിഷയം തിരഞ്ഞെടുത്തത്. വിനായകന്റേത് ഇൻസ്റ്റി ട്യൂഷണൽ മർഡർ ആയിരുന്നു എന്ന കാര്യത്തിൽ ലോജിക്കൽ ആയി ചിന്തിക്കുന്ന ആർക്കും സംശയമുണ്ടാകാൻ ഇടയില്ല . വിനായകൻ ഒരു ഒറ്റപ്പെട്ട സംഭവമല്ല , ഒരുപാട് വിനായകന്മാർ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്, ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ട്, ചിലർ കൊല്ലപ്പെട്ടിട്ടുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്ന ചിലരെയാണ് ഈ ആഴ്ച പരിചയപെടുത്തുന്നത് .
മൂന്നാം മുറ അപരിഷ്‌കൃതമാണ് എന്ന് എല്ലാവർക്കും അറിയാം, മുഖ്യമന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും കോടതികളും അത് ആവർത്തിച്ചു പറയാറുണ്ട്. പക്ഷെ മൂന്നാംമുറക്കും പോലീസിന്റെ കടത്തത്തിനും കേരളത്തിൽ ഒരു കുറവുമില്ല . ഈ നിമിഷത്തിലും കേരളത്തിലെ ഏതെങ്കിലും ലോക്കപ്പുകളിൽ കൊടിയമർദ്ദനം ഏറ്റുവാങ്ങുന്നുണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മർദ്ദനത്തിന് നേതൃത്വം നൽകുന്ന പോലീസുകാർ ആർക്കും അർഹിക്കുന്ന ശിക്ഷ കിട്ടിയതായി അറിവും ഇല്ല. ആയിരകണക്കിന് സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അപൂർവമായി മാത്രമേ ലോക്കപ്പിനു പുറത്തേക്ക് നിലവിളിയുടെ ശബ്ദം എത്താറുള്ളു . അങ്ങിനെ അപൂർവമായി മാത്രം ശ്രദ്ധയിൽപെടുന്ന ചില സംഭവങ്ങളുണ്ട്, അത്തരം മൂന്നുപേരെയും അവരുടെ ബന്ധുക്കളെയുമാണ് ഈ ആഴ്ച ചൂണ്ടുവിരലിലൂടെ പരിചയപെടുത്തുന്നത്