വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് നൽകിയെന്ന ആരോപണത്തെ തുടർന്ന് സിവിൽ സർവീസ് 2016 പരീക്ഷയിലെ മൂന്നാം റാങ്ക് ജേതാവിന് ഹൈക്കോടതിയുടെ നോട്ടീസ്. റാങ്ക് ജേതാവ് ഗോപാലകൃഷ്ണ റൊണങ്കിക്കാണ് ഹൈദരബാദ് ഹൈകോടതി നോട്ടീസ് അയച്ചത്. അഭിഭാഷകനായ എം. മുരളീകൃഷ്ണ നൽകിയ പൊതുതാൽപര്യ ഹർജിയിന്മേലാണ് കോടതി നോട്ടീസ് നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ആന്ധ്രാപ്രദേശ് ഗവൺമെന്റും യുപിഎസിയും രേഖകൾ സമർപ്പിക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
45 ശതമാനം അംഗവൈകല്യമുണ്ടെന്ന വ്യാജ സർട്ടിഫികറ്റ് നൽകി റൊണങ്കി യുപിഎസിയെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പിന്നാക്ക വിഭാഗത്തിനുള്ള 2016ലെ പ്രിലിമിനറി പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് 110.66 ആയിരുന്നു. 91.34 കട്ട്ഓഫ് മാത്രം ലഭിച്ച ഗോപാലകൃഷ്ണ റൊണങ്കിയ്ക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിപ്പിച്ചിരുന്നതുകൊണ്ടാണ് മെയിൻസ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്. ഭിന്നശേഷികാർക്ക് 75.34 മാർക്കായിരുന്നു യോഗ്യത. എന്നാൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്താനും മാത്രമുള്ള അംഗപരിമിതനല്ല ജേതാവെന്നാണ് മുരളീകൃഷ്ണയുടെ വാദം.
"പത്താംക്ലാസിൽ പഠിക്കുന്ന കാലത്ത് മരത്തിൽ നിന്നുവീണ് ഇടതുകൈയ്യിൽ ഒടിവുണ്ടായി. ഇപ്പോഴും ഇടതുകൈ നിവർത്താനാവാത്ത അവസ്ഥയിലാണ്. ദരിദ്രകുടുംബത്തിൽ നിന്നു വരുന്ന ഞാൻ എങ്ങനെ ഇത്തരമൊരു വ്യാജസർട്ടിഫിക്കറ്റ് പണം നൽകി ശരിയാക്കിയെടുക്കാനാണ്"- റൊണങ്കി ചോദിക്കുന്നു. തന്റെ അധ്വാനത്തിനുള്ള ഫലമാണ് റാങ്ക് എന്നും ഡോക്ടർ അംഗപരിമിതനാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നും റൊണങ്കി വ്യക്തമാക്കുന്നു.
ഏതായാലും ഹർജിയിന്മേൽ അന്വേഷണം നടത്താൻ കോടതി ഉത്തരവായിട്ടുണ്ട്. സർട്ടിഫിക്കിറ്റ് വ്യാജമാണെന്നു തെളിഞ്ഞാൽ ഗോപാലകൃഷ്ണ റൊണങ്കിയെ അയോഗ്യനാക്കും. സ്ഥിരമായോ താൽകാലികമായോ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാനും ആർട്ടിക്കിൾ 14 പ്രകാരം വകുപ്പുണ്ട്.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ പരസമ്പ ഗ്രാമത്തിലുള്ള കര്‍ഷക ദമ്പതികളുടെ മകനാണു ഗോപാല കൃഷ്ണ റോണങ്കി. മകനൊരു സ്‌കൂള്‍ അധ്യാപകന്‍ ആണെന്നു മാത്രമേ മാതാപിതാക്കളായ റോണങ്കി അപ്പാ റാവുവിനും രുക്മിണിയമ്മയ്ക്കും അറിയുമായിരുന്നുള്ളൂ. തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനു കഴിഞ്ഞ 11 വര്‍ഷമായി പ്രൈമറി സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു വരികയാണു ഗോപാല കൃഷ്ണ.
ഇംഗ്ലീഷോ, ഹിന്ദിയോ അറിയാത്ത കുഗ്രാമക്കാരനെ ഏറ്റെടുത്തു പരിശീലനം നല്‍കാന്‍ നഗരത്തിലെ ഒരു കോച്ചിങ് സ്ഥാപനം പോലും തയ്യാറായില്ല. പക്ഷേ, ഗോപാല കൃഷ്ണയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇതൊന്നും പ്രതിബന്ധമായില്ല. പത്തു വര്‍ഷത്തെ കഠിനാധ്വാനം, സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയപ്പെട്ട മൂന്നു ശ്രമങ്ങള്‍, ഒടുവില്‍ മുപ്പതാം വയസ്സില്‍ അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു മൂന്നാം റാങ്ക്. റാങ്ക് കിട്ടിയ ശേഷമാണു ഗോപാല കൃഷ്ണയുടെ മാതാപിതാക്കള്‍ മകന്‍ ഐഎഎസുകാരനാകാന്‍ പോകുന്നതെന്നു അറിയുന്നതു തന്നെ.
ഗവണ്‍മെന്റ് സ്‌കൂളില്‍ പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചായിരുന്നു സ്‌കൂള്‍ പഠനം. ഇന്റര്‍മീഡിയേറ്റിനു പഠിക്കും വരെ വീട്ടില്‍ വൈദ്യുതി തന്നെയുണ്ടായിരുന്നില്ല. ഇന്റര്‍മീഡിയേറ്റിന് ശേഷം അധ്യാപക പരിശീലന കോഴ്‌സ് ചെയ്ത ഗോപാലകൃഷ്ണയ്ക്ക് 2006ല്‍ ഗവണ്‍മെന്റ് അധ്യാപകനായി ജോലി ലഭിച്ചു. കുടുംബം നോക്കാനും സിവില്‍ സര്‍വീസിന് പഠിക്കാനും ഈ ജോലി അത്യാവശ്യമായിരുന്നു.
അധ്യാപകനായിരിക്കേ വിദൂര പഠനം വഴി വിശാഖപട്ടണത്തെ ആന്ധ്രാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കി. ഇംഗ്ലീഷോ ഹിന്ദിയോ അറിയില്ലെന്ന കാരണത്താല്‍ കോച്ചിങ് സ്ഥാപനങ്ങള്‍ പിന്തിരിഞ്ഞു നിന്നപ്പോള്‍ സ്വയം തയ്യാറെടുപ്പു നടത്താന്‍ ഗോപാല കൃഷ്ണ നിര്‍ബന്ധിതനായി. മൂന്നു തവണ പരീക്ഷയെഴുതി പരാജയപ്പെട്ടെങ്കിലും ഇതോടെ അതിന്റെ രീതി മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചു.
സ്‌കൂളും ഇന്റര്‍മീഡിയേറ്റുമെല്ലാം തെലുങ്കിലായിരുന്നതിനാല്‍ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കും തെലുങ്ക് സാഹിത്യമാണ് ഓപ്ഷനായി എടുത്തത്. അഭിമുഖത്തിലും തെലുങ്ക് തന്നെയാണ് മാധ്യമമായി തിരഞ്ഞെടുത്തത്. നിരവധിപേർക്ക് പ്രചോദനമാകുന്ന വിജയമായിരുന്നു റൊണങ്കിയുടേത്.