വയനാട് മീനങ്ങാടിയിൽ ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വൈദികന്‍ അറസ്റ്റില്‍. കോഴിക്കോട് കുണ്ടുതോട് സ്വദേശി ഫാദര്‍ സജി ജോസഫിനെ മംഗളൂരുവില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ആന്ധ്രപ്രദേശിലും കര്‍ണാടകയിലും നടത്തിയ അന്വേഷണത്തിനൊടുവില്‍ മംഗളൂരുവിലെ ഒലുവില്‍ നിന്നാണ് ഫാദര്‍ സജി ജോസഫിനെ അറസ്റ്റ് ചെയ്തത്. മീനങ്ങാടിയില്‍ വിന്‍സെന്‍ഷ്യന്‍ സഭയുടെ ആശ്രമത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ബാലഭവനിലെ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടികളിലൊരാള്‍ മാതാപിതാക്കളോടാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒന്നിലധികം കുട്ടികള്‍ പീഡനത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ മുന്നൂറ്റി എഴുപത്തേഴാം വകുപ്പനുസരിച്ച് പ്രകൃതി വിരുദ്ധ പീഡനക്കുറ്റവും പോക്സോ നിയമം, ബാലനീതിനിയമം എന്നിവയില്‍ വിവിധ വകുപ്പുകള്‍ പ്രകാരം ബാല ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളും ഫാദര്‍ സജി ജോസഫിനുമേല്‍ ചുമത്തി. ഒളിവില്‍ കഴിയുമ്പോള്‍ ബന്ധുവഴി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമെടുക്കാനും പ്രതി ശ്രമിച്ചിരുന്നു.