പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത് കൂടുതലും അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോഴിക്കോട് വടകരയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് ഉറ്റബന്ധുവാണ്. പെണ്‍കുട്ടികളെ തനിച്ചാക്കി വീട്ടില്‍ നിന്ന് പോകുമ്പോള്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇത്തരത്തില്‍ ഉറ്റവരില്‍ നിന്ന് പീഡനം നേരിട്ടാല്‍ മാതാപിതാക്കളെയോ അധ്യാപകരെയോ അറിയിക്കാന്‍ കുട്ടികള്‍ തയ്യാറായാല്‍ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷ നേടാം.
സമീപകാലത്ത് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ അധികവും പ്രതികളായത് ഉറ്റബന്ധുക്കളും അയല്‍വാസികളുമാണ്. കൊല്ലം കുണ്ടറയില്‍ പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ച വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. പീഡനത്തിന് മുത്തശ്ശിയുടെ അറിവുണ്ടായിരുന്നു എന്നത് അതിലും വേദനിപ്പിച്ചു. ഇത് നമ്മുടെ നാട്ടില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്ന് പിന്നീട് പലയിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും സൂചിപ്പിക്കുന്നു. കോഴിക്കോട് വടകരയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് ഉറ്റബന്ധുവാണ്. ബന്ധുവെന്ന നിലയിൽ പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന സ്വാതന്ത്ര്യമാണ് പ്രതി മുതലെടുത്തത്. രക്ഷിതാക്കളില്ലാത്ത സമയത്തായിരുന്നു പീഡനം. പുറത്തറിഞ്ഞാൽ വകവരുത്തുമെന്നായിരുന്നു പതിമൂന്നുകാരിക്ക് നൽകിയ മുന്നറിയിപ്പ്. ആ ഭിഷണിയില്‍ ഭയന്നുവിറച്ച പെണ്‍കുട്ടി ആദ്യം സംഭവം തുറന്നുപറഞ്ഞില്ല. പിന്നീട് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതുപോലെ ബന്ധുക്കളില്‍ നിന്നോ അപരിചിതരില്‍ നിന്നോ മോശമായ പെരുമാറ്റം ഉണ്ടായാല്‍ പോലും പെണ്‍കുട്ടികള്‍ തുറന്നുപറഞ്ഞാല്‍ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷനേടാം.
ഒരുപക്ഷെ നമ്മള്‍ ഏറെ അടുപ്പം പുലര്‍ത്തുന്ന ആളുകളില്‍ നിന്ന് അപ്രതീക്ഷിതമായി പോലും അതിക്രമങ്ങള്‍ ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെ നേരിടാന്‍ പെണ്‍കുട്ടികളെ പ്രാപ്തരാക്കണം. ചെറുപ്രായത്തിലെ ഇത്തരം അപകടങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് മാറുന്ന ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് അവബോധം നല്‍കുകയാണ് വേണ്ടത്.
ഇന്ന് പല കുടുംബങ്ങളിലും മാതാപിതാക്കളില്‍ രണ്ടുപേരും ജോലി ചെയ്യുന്നവരാണ്. മക്കളെ തനിച്ചാക്കി പുറത്തുപോകേണ്ട പല സാഹചര്യങ്ങളും വരാം. അങ്ങനെയുള്ള അവസ്ഥകളില്‍ ബന്ധുക്കളോ അല്ലെങ്കില്‍ അപരിചിതരോ വീടുകളില്‍ എത്തുകയോ അവരില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുകയോ ചെയ്താല്‍ എങ്ങനെ നേരിടണമെന്ന് മാതാപിതാക്കള്‍ തന്നെ മക്കള്‍ക്ക് ബോധവല്‍ക്കണം നല്‍കണം. വീടുകളില്‍ വരുന്നവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കുന്നതിനേക്കാള്‍ അവരിലെ കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ്് പ്രതിരോധിക്കാന്‍ കഴിയുന്നിടത്താണ് ഇത്തരം സംഭവങ്ങള്‍ തടയപ്പെടുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.