മലയോരമേഖലയിൽ പകർച്ചപ്പനി പടരുമ്പോഴും റാന്നി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർക്ക് ക്ഷാമം. പത്ത് ഡോക്ടർമാർ വേണ്ട അത്യാഹിത വിഭാഗത്തിൽ ആകെയുള്ളത് നാലുപേർ മാത്രം. ദിവസേന ആയിരത്തിലധികം ആളുകളാണ് ഒപിയിൽ ചികിൽസ തേടിയെത്തുന്നത്.
ഗൈനക്കോളജിസ്റ്റ്, അനസ്തീസിയ, ഓർത്തോ സീനിയർ, ഇഎൻടി എന്നീ പ്രധാന തസ്തികയിലാണ് ഡോക്ടർമാരുടെ കുറവുള്ളത്. 27 ഡോക്ടർമാരുടെ സേവനമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഇതിൽ 14 പേരും സ്ഥലംമാറ്റം വാങ്ങിയും അവധിയെടുത്തും മടങ്ങി. അത്യാഹിത വിഭാഗത്തിൽ നിലവിലുള്ള നാലു ഡോക്ടർമാരിൽ ഒരാൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചു. മറ്റൊരാൾ അവധിയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ രണ്ടുപേരെ ഉപയോഗിച്ച് അത്യാഹിത വിഭാഗം പ്രവർത്തിപ്പിക്കേണ്ടി വരും. ഇതോടെ 24 മണിക്കൂർ അത്യാഹിത സേവനമെന്നത് ചുരുങ്ങും. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് ഏറെ പ്രതിസന്ധിയുണ്ടാക്കും.
ദിവസേന ആയിരത്തിലധികം രോഗികളാണ് ചികിൽസ തേടിയെത്തുന്നത്. ഡോക്ടർമാരുടെ കുറവ് കാരണം ഇവർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും ജീവനക്കാരും രോഗികളും തമ്മിൽ തർക്കത്തിൽ കലാശിക്കാറുണ്ട്. താലൂക്ക് ആശുപത്രിയിൽ നിയമനം നേടുന്ന ഡോക്ടർമാരിൽ ഭൂരിഭാഗവും ദൂരസ്ഥലങ്ങളിലുള്ളവരാണ്. ആശുപത്രിവക താമസസൗകര്യമില്ലാത്തതും ജോലിഭാരവും കാരണമാണ് പലരും സ്ഥലംമാറ്റം വാങ്ങുന്നത്. ആശുപത്രിയിൽ നഴ്സുമാരുൾപ്പെടെ മറ്റ് ജീവനക്കാരുടെ കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.