‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം ഇനി ഉപയോഗിക്കരുതെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിക്ക് ടൈംസ് ഗ്രൂപ്പിന്റെ മുന്നറിയിപ്പ്. അർണബിന്റെ പുതിയ ചാനലായ റിപബ്ലിക്കിൽ ഈ പ്രയോഗം ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നു ചൂണ്ടിക്കാട്ടി ടൈംസ് ഗ്രൂപ്പ് നോട്ടിസ് അയച്ചതായി അർണബ് യുട്യൂബിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറയുന്നു.
ടൈംസ് ഗ്രൂപ്പിന്റെ ടൈംസ് നൗ ചാനലിൽ പ്രവർത്തിച്ചിരുന്ന കാലത്ത് ചർച്ചകൾ നയിക്കുമ്പോഴും മറ്റും പതിവായി ഉപയോഗിച്ച് അർണബ് പ്രശസ്തമാക്കിയ പ്രയോഗമാണ് ‘നേഷൻ വാണ്ട്സ് ടു നോ’. ഇപ്പോൾ, ടൈംസ് നൗ വിട്ട് അർണബ് പുതിയ ചാനൽ തുടങ്ങിയ സന്ദർഭത്തിലാണ് ടൈംസിന്റെ നീക്കം.
എന്നാൽ, ‘നേഷൻ വാണ്ട്സ് ടു നോ’ എന്ന പ്രയോഗം ഒരു ചാനലിന്റെയും സ്വകാര്യ സ്വത്ത് അല്ലെന്നും രാജ്യത്തെ ഏതു പൗരനും ഈ വാചകം ഉപയോഗിക്കാമെന്നും അർണബ് പ്രതികരിച്ചു. ‘കഴിഞ്ഞ 20 വർഷമായി ഞാൻ ഈ വാചകം ഉപയോഗിക്കുന്നു, ഇനി ഉപയോഗിക്കുകയും ചെയ്യും. ഇതിന്റെ പേരിൽ അറസ്റ്റ് വരിക്കാൻ സന്തോഷമേയുള്ളു’- അർണബ് സന്ദേശത്തിൽ പറയുന്നു. ടൈംസ് നൗവിന്റെ പേര് പറയാതെയായിരുന്നു അർണബിന്റെ കുറിപ്പെങ്കിലും ചാനൽ ലീഗൽ നോട്ടിസ് അയച്ചതായി ദേശീയ മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു.
ടൈംസ് നൗ ചാനലിന്റെ മുഖമായി അറിയപ്പെട്ടിരുന്ന അർണബ് കുറച്ചു കാലം മുൻപാണ് രാജി വെച്ചത്. ഇപ്പോൾ റിപബ്ലിക് ടിവി എന്ന പേരിൽ പുതിയതായി തുടങ്ങാൻ പോകുന്ന ചാനലിന്റെ പ്രവർത്തനത്തിലാണ്.