തിരക്കേറിയ ഇടങ്ങളിൽ ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കഴുത്തിൽ തൂക്കിയിട്ട ക്യാമറകളുമായി കർണാടക ട്രാഫിക് പൊലീസ് രംഗത്ത്. കഴുത്തിൽ ക്യാമറകളുമായി 50 പൊലീസ് ഉദ്യോഗസ്ഥരെ ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നിയോഗിച്ചതായി ഡപ്യൂട്ടി കമ്മിഷണർ (ട്രാഫിക്) അഭിഷേക് ഗോയൽ അറിയിച്ചു.
വിധാനസൗധയുടെ പത്തു കിലോമീറ്റർ ചുറ്റളവിൽ തിരക്കേറിയ ഭാഗങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. 150 ഗ്രാമിൽ താഴെ ഭാരമുള്ള ഹൈ ഡെഫിനിഷൻ ക്യാമറയിലൂടെ ഉയർന്ന നിലവാരമുള്ള ഓഡിയോ, വിഡിയോ ദൃശ്യങ്ങൾ തുടർച്ചയായി പത്തു മണിക്കൂറോളം പകർത്താൻ സാധിക്കും. റോഡപകടമോ, മറ്റ് അതിക്രമങ്ങളോ ഉണ്ടായാലും ദൃശ്യങ്ങൾ പകർത്താൻ ഇവ സഹായിക്കും. പിന്നീടിവ തെളിവായി ഉപയോഗിക്കാനും സാധിക്കും.