ശരീരമാസകലം പൊള്ളലേറ്റ് കൊച്ചിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒന്നര വയസുകാരിയുടെ വിവരം നേരത്തെ അറിഞ്ഞെങ്കിലും നടപടിയെടുക്കാതെ പൊലീസ് അവഗണിച്ചു. കുട്ടിയെ താമസിപ്പിച്ച കോഴിക്കോട്ടെ വീടിന് പരിസരത്തുള്ളവരാണ് നിരന്തര ഉപദ്രവത്തിന്റെ വിവരം പൊലീസിനെയും ചൈൽഡ്്ലൈനെയും അറിയിച്ചത്. കുട്ടിയുടെ അച്ഛൻ ഇന്നലെ നൽകിയ പരാതിയിൽ കൊച്ചി പള്ളുരുത്തി പൊലീസാണ് അമ്മയെയും കാമുകനെയും പ്രതിയാക്കി കേസെടുത്തത്.
കോഴിക്കോട് ഇരിങ്ങല്ലൂരിനടുത്തെ വാടക വീട്ടിലായിരുന്നു കുട്ടിയുടെ അമ്മയും കാമുകനും താമസിച്ചിരുന്നത്. കുട്ടിയോടുള്ള പെരുമാറ്റത്തിൽ സംശയം തോന്നിയ അയൽക്കാർ മഹിളാ സമഖ്യയുടെ കോർഡിനേറ്റർ ആയ രജീനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം 21 ന് രാത്രി വീട്ടിലെത്തിയപ്പോഴാണ് കുട്ടിയുടെ ശരീരം മുഴുവൻ പൊള്ളിച്ച നിലയിൽ കണ്ടത്.തുടർന്ന് പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിച്ചു
കുട്ടിയെ നിരന്തരം മർദിക്കുന്നതായും ഭക്ഷണം പോലും നൽകാതെ മുറിയിൽ പൂട്ടിയിടാറുളളതായും നാട്ടുകാരെല്ലാം സാക്ഷ്യപ്പെടുത്തിയതാണ്.
പൊലീസും ചൈൽഡ് ലൈനും കൃത്യമായി അന്വേഷിച്ചിരുന്നെങ്കിലും കുട്ടിയെ നേരത്തെ തന്നെ അച്ഛന് കൈമാറാൻ തയാറായില്ല. കഴിഞ്ഞ ദിവസമാണ് പൊളളലേറ്റ പാടുമായി ഒന്നര വയസുകാരിയെ എറണാകുളത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.