വന്യജീവി സംരക്ഷകർക്കും നിരീക്ഷകർക്കും കൗതുകവും ആകാംക്ഷയുമേകി പാമ്പുകളുടെ രാജാവായ രാജവെമ്പാല സ്വാഭാവികമായി കൂടുകൂട്ടി മുട്ടയിട്ടു. കൊട്ടിയൂർ വനമേഖലയ്ക്ക് സമീപത്തുള്ള ഒരു കശുമാവിൻ തോട്ടത്തിലാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് രാജവെമ്പാല മുട്ടയിട്ടതായി കണ്ടെത്തിയത്. ഇതിനു സമീപത്ത് നിന്ന് ഒരു കിലോമീറ്ററോളം അകലെ ജനവാസമുണ്ട്. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പിന് കീഴിൽ പാമ്പുകളുടെ സംരക്ഷകനായ തളിപ്പറമ്പ് കുറ്റിക്കോലിലെ എം.പി.ചന്ദ്രൻ, വന്യജീവി സംരക്ഷകനായ തളിപ്പറമ്പിലെ തന്നെ വിജയ് നീലകണ്ഠൻ എന്നിവർ സ്ഥലത്തെത്തി കൂടിന് സമീപം പരിശോധന നടത്തി.
ഒന്നര അടിയോളം ഉയരത്തിൽ കരിയിലകൾ അടിച്ചുകൂട്ടിയുണ്ടാക്കിയ കൂട്ടിൽ നിന്നു മൂന്ന് വയസ്സിലധികം തോന്നിക്കുന്ന രാജവെമ്പാല ഇറങ്ങിപ്പോകുന്നതാണ് ഇവർ കണ്ടത്. ഇതിൽ മനുഷ്യസ്പർശമേൽക്കാൻ പാടില്ലാത്തതിനാൽ ഇവർ കൂട്ടിനുള്ളിൽ പരിശോധന നടത്തിയിട്ടില്ല. അടുത്ത കാലത്തൊന്നും ഉത്തരകേരളത്തിൽ രാജവെമ്പാല സ്വാഭാവികമായി കൂട് കൂട്ടി മുട്ടയിട്ട സംഭവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇവർ പറയുന്നു. 2013 ൽ കർണാടകയിലെ ആകുമ്പെ വന്യജീവി സങ്കേതത്തിലാണ് ഏറ്റവും അടുത്തായി രാജവെമ്പാല മുട്ടകൾ കണ്ടെത്തിയത്. ഇവിടെ നാൽപതോളം മുട്ടകളാണ് ഉണ്ടായിരുന്നത്. രാജവെമ്പാലയുടെ കൂട് സാധാരണയായി രാജവെമ്പാലകൾ നിർമിക്കുന്ന കൂടിന് മൂന്നടിയോളം ഉയരമുണ്ടാകും.
90 മുതൽ 105 ദിവസം വരെയുള്ള കാലയളവിനുള്ളിലാണ് മുട്ടകൾ വിരിയുക. ഈ ദിവസങ്ങളിലെല്ലാം പെൺപാമ്പ് കൂടിന് ചുറ്റിവരിഞ്ഞ് കാവലിരിക്കും. ആൺപാമ്പും ഇതിനു സമീപത്തു തന്നെ കാവലായി ഉണ്ടാകും. കൂടിനുള്ളിൽ 28 ഡിഗ്രി വരെയുള്ള ചൂട് നിലനിർത്തുന്ന തരത്തിലാണ് ഇതിന്റെ നിർമാണം. മഴപെയ്താലും ഇതിനുള്ളിൽ വെള്ളം കടക്കാത്ത വിധത്തിലായിരിക്കും. മുട്ടകൾക്ക് അടയിരിക്കുന്നതിനു പകരം കാവലായാണ് പെൺപാമ്പ് ഇതിന് മുകളിൽ കിടക്കുന്നത്. ഭക്ഷണം ചേര, മൂര്‍ഖന്‍ ചേര, മൂർഖൻ തുടങ്ങിയ പാമ്പുകളെ മാത്രം ഭക്ഷിക്കുന്ന രാജവെമ്പാല മുട്ടകൾ വിരിയുന്ന കാലയളവിൽ ഭക്ഷണവും കഴിക്കാറില്ല.
നാൽപതോളം മുട്ടകൾ വരെ ഉണ്ടാകുമെങ്കിലും ഇവ വിരിഞ്ഞു പുറത്തു വരുന്ന രാജവെമ്പാല കുട്ടികൾ കീരി, പരുന്ത്, മയിൽ തുടങ്ങിയവയുടെ ആക്രമണത്തിന് ഇരയാകുന്നതിനാൽ വിരലിലെണ്ണാവുന്നവ മാത്രമേ അതിജീവിക്കാറുള്ളൂ. കൊട്ടിയൂരിൽ കണ്ടെത്തിയ രാജവെമ്പാല മുട്ടകളെ വനംവകുപ്പ് ഫോറസ്റ്റർ ഹരിദാസിന്റെ നേതൃത്വത്തിൽ തുടർച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഇവ വിരിഞ്ഞാൽ സംരക്ഷിച്ച് വനത്തിലേക്ക് കടത്തി വിടും. ഏതാനും മാസങ്ങൾക്കു മുൻപ് പറശ്ശിനിക്കടവ് പാമ്പ് വളർത്തു കേന്ദ്രത്തിൽ രാജവെമ്പാലയ്ക്ക് കൂടൊരുക്കി മുട്ടയിട്ട് വിരിയിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും മുട്ടകൾ കേടായി പോവുകയാണ് ഉണ്ടായത്. ഇവിടേക്കുള്ള സന്ദർശനം കർശനമായി വിലക്കിയിട്ടുണ്ട്.