കെ. എസ്. ഇ. ബിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പാനൽ വയനാട് ബാണാസുരസാഗർ ഡാമിലൊരുങ്ങുന്നു. 500 കിലോവാട്ട് ശേഷിയുള്ള പദ്ധതിയിൽനിന്ന് ജൂൺമുതല്‍ വൈദ്യുതി ഉൽപാദിപ്പിച്ച് തുടങ്ങും. 483 ചതുരശ്ര മീറ്റർ വലിപ്പമുള്ള പതിനെട്ട് പ്രതലങ്ങളിലാണ് സോളാർ പാനലുകൾ ഉറപ്പിക്കുന്നത്.
ഒരുവർഷം മുൻപാരംഭിച്ച നിർമാണ ജോലികൾ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചു. ഡാമിൽ വെള്ളം നിറയുന്നതോടെ പ്രതലങ്ങൾ ഷട്ടറിന്റെ ഭാഗത്തേക്ക് വലിച്ച് മാറ്റും. പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ പത്ത് കിലോവാട്ടിന്റെ പദ്ധതി വിജയം കണ്ടതോടെയാണ് വൻകിട പദ്ധതിക്ക് രൂപം നൽകിയത്. ഒൻപത് കോടി ഇരുപത്തിയൊമ്പത് ലക്ഷം രൂപയാണ് നിർമാണ ചിലവ്. പതിനാല് പ്രതലങ്ങൾ തയ്യാറായി കഴിഞ്ഞു. തിരുവനന്തപുരം ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിർമാണ ചുമതല.
440 കിലോ വാട്ടിന്റെ ഡാം ടോപ്പ് സോളർ പാനലും ബാണാസുരയിൽ പ്രവർത്തിക്കുന്നുണ്ട്. ജല- സൗരോർജ മേഖലയിൽനിന്ന് വാണിജ്യടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന കേരളത്തിലെ പ്രധാന അണക്കെട്ടുകൂടിയാണ് ബാണാസുരസാഗർ.